പ്രസംഗം പ്രവര്‍ത്തിയിലൂടെ തെളിയിക്കുക

Public

പ്രസംഗം പ്രവര്‍ത്തിയിലൂടെ തെളിയിക്കുക

ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മഹാനായിരുന്നു. വിവിധ തലങ്ങളില്‍ അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. അമേരിക്കയിൽ സഹോദര സ്നേഹം എന്നര്‍ത്ഥം വരുന്ന ഫിലാഡൽഫിയയിലയിരുന്നു ഫ്രാങ്ക്ലിന്‍ പാര്‍ത്തിരുന്നത്. അതുവരെ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടിട്ടി ല്ലാതിരുന്നതിനാല്‍ ആ കാലത്ത് തെരുവുകളില്‍ വഴി വിളക്കുകള്‍ ദുര്‍ലഭമായിരുന്നു. സന്ധ്യ മയങ്ങിയാല്‍ തെരുവുകള്‍ കൂരിരുട്ടില്‍ നിറയും. ഈ സമയത്ത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള വഴിയാത്ര ദുരിത പൂര്‍ണമായിരുന്നു. അങ്ങനെയിരിക്കെ ഫ്രാങ്ക്ലിന്‍ ഒരു കാര്യം ചെയ്തു. തന്‍റെ വീട്ടു പടിക്കല്‍ റോഡരികില്‍ ഒരു റാന്തല്‍ വിളക്ക് കത്തിച്ചു തൂക്കിയിട്ടു.  അതുവരെ ഇരുട്ടില്‍ നടന്നു വന്നവര്‍ക്ക് ഈ വീടിന്റെ മുന്‍വശം വെളിച്ചം കണ്ടു യാത്ര ചെയ്യുവാന്‍ സഹായമായി.  മറ്റെല്ലായിടത്തും ഇരുട്ട് കട്ട പിടിച്ചു കിടക്കുമ്പോള്‍ ഇവിടെ മാത്രം നല്ല പ്രകാശം.  അത് ഏവര്‍ക്കും ഒരാശ്വാസം ആയിത്തീര്‍ന്നു.  ഇതു കണ്ട് ക്രമേണ മറ്റു ചിലര്‍ കൂടി അവരുടെ വീടുകള്‍ക് മുന്‍പില്‍ സന്ധ്യയില്‍ വിളക്കുകള്‍ തൂക്കി ഇടുവാന്‍ തുടങ്ങി.  അങ്ങനെ ആ ഗ്രാമത്തില്‍ മുഴുവന്‍ സന്ധ്യാസമയത്ത് ദീപങ്ങള്‍ തൂക്കപ്പെടുകയും ഫിലദല്ഫീയ എന്ന നാമം അവിടെ അന്വര്‍ത്ഥമാക്കപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം.

നാം അധിവസിക്കുന്ന ചുറ്റുപാടുകളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ നന്മകള്‍ ചെയ്യുന്നതി ലൂടെ സാമുഹ്യ തിന്മകള്‍ തുടച്ചു നീക്കുവാന്‍ കഴിയുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്.  എന്നാല്‍ ഇന്ന് സ്വാര്‍ത്ഥമതികളായ മനുഷ്യരില്‍ പലരും ലഭിക്കുന്ന സാഹചര്യങ്ങള്‍ പോലും അല ക്ഷൃമാക്കി കളയുന്നതായി കാണാം. ആശയഗംഭീരമായ പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ആശയങ്ങളോട് നീതി പുലര്‍ത്താതെ പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ട്.

കര്‍ത്താവായ യേശുക്രിസ്തു ഈ ഭുമിയില്‍ വന്നു.  മാനവജാതിയുടെ ഉദ്ധാരണം മാത്രം ലക്ഷൃമാക്കി തനിക്കുണ്ടായ പീഠനങ്ങളും അപമാനങ്ങളും ഏറ്റെടുത്തു.  ദരിദ്രന്മാരോട് സുവിശേഷം അറിയിപ്പാനും ബദ്ധന്മാ ര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും പീഢിതര്ക് ഉദ്ധാരണം നല്‍കുവാനും കര്‍ത്താവു പ്രവര്‍ത്തിച്ചു. അവിടുത്തെ മുമ്പില്‍ കണ്ടവരോടെല്ലാം താന്‍ മനസ്സളിവുള്ളവനായിരുന്നു. സാമൂഹ്യ വ്യവസ്ഥിതിക്കനുസരിച്ച് മാറ്റി നിര്‍ത്തേണ്ടിയിരുന്ന വ്യക്തിത്വങ്ങളോട് പോലും യേശു ആര്‍ദ്രത കാട്ടി. ഒരു പ്രത്യേക സമൂഹത്തിനു വേണ്ടിയോ വ്യക്തികള്‍ക്ക് വേണ്ടിയോ  മാത്രം കര്‍ത്താവ്‌ ഉദ്ധാരണ ത്തിന്‍റെ പ്രവര്‍ത്തി ചെയ്‌തിരുന്നു എങ്കില്‍ ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമൊന്നും അതിനര്‍ഹരാകുകയില്ലായിരുന്നു.  എന്നാല്‍ അതിരുകളില്ലാത്ത സ്നേഹം വരച്ചു കാട്ടുക വഴി തന്റെ പ്രസംഗവും പ്രവര്‍ത്തിയും യേശു ഒരുപോലെയാക്കി.

“ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നാം ദൈവമക്കളായിത്തീര്‍ന്നുവെന്നും ദൈവമക്കളായിത്തീര്‍ന്നവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” എന്നും അപ്പോസ്തലനായ പൌലോസ് പറയുന്നു. (ഗലാത്യര്‍ 3:26,27) ദൈവമക്കളായിത്തീര്‍ന്നവരില്‍ ദൈവത്തിന്‍റെ സ്വഭാവം കാണപ്പെടുന്നില്ല എങ്കില്‍ അവര്‍ ജാര സന്തതികള്‍ ആണെന്ന് വേണം കരുതുവാന്‍. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ മനുഷ്യ ശരീരത്തിലെ അവയവങ്ങളായി ഉപമിക്കുന്നതിലൂടെ ദൈവജനം എത്ര മാത്രം പരസ്പര സഹകരണവും സ്നേഹവുമുള്ളവരായിക്കണം എന്ന് തിരുവചനം അനുശാസിക്കുന്നു. ദൈവസ്നേഹത്താലുള്ള കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ് ഇവിടെ കാണുന്നത്. എന്നാല്‍ പലരും കൂട്ടായ്മ സ്വന്തം സഭയിലും സമൂഹത്തിലും മാത്രം ഒതുക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നു.  ഇങ്ങനെയുള്ള സമൂഹത്തെ സഭയെന്നല്ല സംഘടന എന്ന് മാത്രമേ നിര്‍വചിക്കാനാകു.  രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ സൌരഭ്യ വസനയകുന്നു. (2 കൊരി. 2:15) എന്ന് പൗലോസ്‌ ശ്ലീഹ പറഞ്ഞതുപോലെ പറയുവാനുള്ള ധൈര്യം ഒരു ക്രിസ്ത്യനിക്കുണ്ടയിരിക്കണം.  അവരവര്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സഭക്ക് പുറത്തുള്ളവരെ ശത്രുതാ മനോഭാവത്തോടെ കാണുന്നവരും ദൈവജനം എല്ലാം ഒന്ന് എന്ന മനസ്ഥിതി പുലര്‍ത്താത്തവരും സ്വസ്നേഹികളും വലിപ്പം ഭാവിക്കുന്നവരും ഈ ലോകത്തിലെ ചട്ടങ്ങള്‍ക്കും ക്രമങ്ങല്കും

ദൈവ രാജ്യത്തെക്കാള്‍ കൂടുതല്‍ വില കല്പിക്കുന്നവരും ആയിരിക്കും.  ഒരേ ഉപദേശം പ്രമാണിക്കുന്നവരും പ്രസംഗിക്കുന്നവരും ഇവിടെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുമ്പോള്‍ മനസിലാകുന്നത് കര്‍ത്താവിന്റെ കാലം മുതല്‍ തുടര്‍ന്ന് പോരുന്ന ‘വലിയ ഭാവം’ സുവിശേഷത്തെ ക്കാള്‍ കൂടുതല്‍ ദൈവ മക്കളില്‍ പ്രബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ്.  രാഷ്രീയപാര്‍ട്ടി കളുടെ സംസ്ഥാന സമ്മേളന ങ്ങളില്‍ പങ്കെടുക്കുവാന്‍ പല സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ വിവിധ പേരുകളുടെ ബാനറുകളുടെ കീഴില്‍ അണി നിരക്കുന്നതുപോലെ, ഇങ്ങനെയുള്ള ലേബലുകളില്‍ മുറുക്കെപ്പിടിച്ചിരിക്കുന്ന “ദൈവമക്കള്‍ അഥവാ ക്രിസ്തു വിശ്വാസികള്” കര്‍ത്താവിന്റെ വരവിങ്കല്‍ എടുക്കപ്പെടുവാന്‍ ബാനറുകള്‍ക്ക് പിറകില്‍ തയ്യാറായി നില്‍ക്കുകയാണ്. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയാണ് നാം എന്ന് ഗംഭീര പ്രസംഗം നടത്തുന്നവരും “കക്ഷിത്വം ഇടിച്ചു കളക സ്നേഹത്താല്‍ ഒന്നിക്ക” എന്ന് തൊണ്ട പൊട്ടുമാറു  പാടുന്നവരും മറ്റൊരു സഭയുടെ അഭിവൃദ്ധിയും ശുഷ്കാന്തിയും കണ്ടു വൈരാഗ്യപ്പെടുന്നുവെങ്കില്‍, ആത്മാര്‍ഥതയോടെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ നിരുല്‍സാഹപ്പെടുത്തുന്നു എങ്കില്‍ ഒന്നോര്‍ക്കുക ഇങ്ങനെയുള്ളവരിലൂടെ സൌരഭ്യ വാസനയ്ക്ക് പകരം ദുര്‍ഗന്ധമായിരിക്കും വമിക്കുക. ദൈവനാമം ദുഷിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ദൈവമക്കള്‍ അകന്നിരിക്കേണ്ട്താവശ്യമാണ്. എന്നാല്‍ ദൈവനാമം ഉയര്‍ത്തപ്പെടുകയും ദൈവസ്നേഹത്താലുള്ള സാഹോദര്യ ബന്ധവും കൂട്ടായ്മയും ഉറപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വ്യക്തി വൈരാഗ്യത്തിന്റെയോ സ്ഥാപിത താല്പര്യങ്ങളുടെയോ പേരില്‍ നിരുല്‍സാഹപ്പെടുത്തുന്നത് ദിവ്യ സ്വഭാവത്തിന് ഉടമകളായ വര്‍ക്ക് ഭൂഷണമാണോ? കാഹള ശബ്ദം മുഴങ്ങി കേള്‍ക്കുവാന്‍ കാലമായി. കര്‍ത്താവിനോടൊപ്പം എടുക്കപ്പെടുന്നത് ദൈവമക്കള്‍ ഒന്നിച്ചായിരിക്കുമെന്ന വസ്തുത വിസ്മരിക്കരുത്. അതിര്‍വരമ്പുകള്‍, വ്യക്തി താല്പര്യങ്ങള്‍, വിദ്വേഷങ്ങള്‍ ഇതൊക്കെ ഉപേക്ഷിക്കുക. വിശാലമാകട്ടെ നമ്മുടെ ഹൃദയം. ആത്മാര്‍ഥതയോടെ പ്രസംഗിക്കുവാനും പ്രസംഗിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുവാനും നമുക്ക് കഴിയട്ടെ.