ദൈവം ഉണ്ടെന്നു മൂഢന്‍ വിളിച്ചു പറയുന്നു

Public

ദൈവം ഉണ്ടെന്നു മൂഢന്‍ വിളിച്ചു പറയുന്നു

ദൈവം ഇല്ല എന്ന് പറയുന്ന ധാരാളം ആളുകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരെല്ലാം ബുദ്ധിയില്ലാത്ത വിഡ്ഢികള്‍ ആണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. ഒരുപക്ഷെ നിങ്ങള്ക്ക് തിരിച്ചായിരിക്കാം തോന്നിയിട്ടുള്ളത്. നിരീശ്വര വാദികളായ പലര്‍ക്കും തല അല്‍പ്പം കൂടുതലാണെന്ന് തോന്നിയിട്ടില്ലേ? വോള്‍ട്ടയ റും, ഡാര്‍വിനും, നെഹ്രുവുമൊക്കെ ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കുകയോ സംശയിക്കുകയോ ചെയ്തത് അവര്‍ മന്ദ ബുദ്ധികള്‍ ആയതിനാലല്ലല്ലോ.

മനുഷ്യന്‍റെ ബുദ്ധിയുടെ അനുസാരത്തിലല്ല ഒരുവന്‍ ആസ്തികനോ, നാസ്തിക നോ ആകുന്നത് എന്നറിയാതെ നിരീശ്വര വാദികളെ വിഡ്ഢികളായി ചിത്രീകരിക്കുന്നതില്‍ തീര്‍ച്ചയായും ബുദ്ധിമോശ മുണ്ട്. ഒരിക്കല്‍ ഒരു ഉപദേശിയും നാസ്തികനും തമ്മില്‍ ദൈവസ്തിക്യത്തെ തമ്മില്‍ തര്‍ക്കമുണ്ടായി. യുക്തിവാദങ്ങള്‍ മുഴക്കി മുന്നേറിയ നാസ്തികനോട് സഹികെട്ട് ഉപദേശി പറഞ്ഞു, ദൈവമില്ല എന്ന് മൂ ഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു എന്ന് വേദപുസ്തകത്തില്‍ തന്നെ പറയുന്നുണ്ട്. അതിന് നാസ്തികന്റെ മറുപടി എന്തായിരുന്നുവെന്നോ? ശരിയാ ഉപദേശി അത് ഹൃദയത്തില്‍ പറയും. ബുദ്ധിയുള്ളവന്‍ അത് വിളിച്ചു പറയും.

ശ്രദ്ധിച്ചു നോക്കിയാല്‍ സങ്കീര്‍ത്തനത്തില്‍ മൂഢന്‍ ദൈവം ഇല്ല എന്ന് പറയുന്നത് ബുദ്ധി ഇല്ലാത്തതിനാലല്ല, ഹൃദയമില്ലാത്തതിനാലാണ് എന്ന് മനസ്സിലാക്കാം. ദൈവമില്ല എന്ന് അവന്‍ പറയുന്നത് ഹൃദയത്തിലാണ്.ഒരു ദൈവമില്ല എന്ന ബുദ്ധിപരമായ നിഗമനമല്ല, ഒരു ദൈവം ഉണ്ടാകാന്‍ പാടില്ല എന്ന ഹൃദയത്തിന്‍റെ ആഗ്രഹമാണ് അവനെ മൂഢനാക്കുന്നത്.

മൂഢന്‍ എന്ന വാക്കിന് നാബാല്‍ എന്നാണ് എബ്രായ ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദം. ബുദ്ധിയുമായി ബന്ധപ്പെട്ടതല്ല, ധാര്‍മ്മികതയുമായി ബന്ധപ്പെട്ടാണ് ഈ പദം കൂടുതല്‍ ഉപയോഗിക്കുന്നത്. ധാര്‍മ്മികമായി മൂഢനായ, തല തിരിഞ്ഞ വ്യക്തി ഒരു ദൈവമുണ്ടാകരുതെന്നു ഹൃദയത്തില്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്?

ദൈവം ഇല്ല എന്ന് ഹൃദയത്തില്‍ പറഞ്ഞിട്ട് നാബാല്‍ തന്‍റെ നിഗമനം ഉറപ്പാക്കാന്‍ ഗവേഷണം നടത്തുകയല്ല ചെയ്യുന്നത്. പകരം വഷളന്മാരായി മ്ലേച്ഛത പ്രവത്തിക്കുകയത്രേ ചെയ്യുന്നത്.(സങ്കീര്‍ത്തനം 53:1) ധാര്‍മ്മികമായി അധപ്പതിച്ചവന് വഷള ത പ്രവര്‍ത്തിക്കണം. എന്നാല്‍ ദൈവം അതിനൊരു വിലങ്ങുതടിയാണ്. ദൈവം ധര്‍മ്മിഷ്ടനാണ്. അധാര്‍മ്മികനെ അവന്‍ ന്യായം വിധിക്കുന്നു. ഒരു ദൈവം ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് അധര്‍മ്മത്തില്‍ തുടരാന്‍ കഴിയില്ല. അതുകൊണ്ട് ദൈവം ഉണ്ടാകാതിരിക്കട്ടെ. ഇതാണ് നാബാലിന്റെ ചിന്ത.

പ്രസിദ്ധനായ ഒരു ചിന്തകന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. ദൈവം ഇല്ലെങ്കില്‍ എല്ലാം അനുവദനീയമാണ്. അതെ ന്യായപാലകനായ ഒരു ദൈവത്തിന്‍റെ അഭാവത്തില്‍ ആര്‍ക്കും വഷളത്വത്തില്‍ തുടരാം. ദൈവം ഇല്ലെങ്കില്‍ എല്ലാം അനുവദനീയം. ദൈവമുണ്ടെങ്കില്‍ എല്ലാത്തിനും കണക്കു ബോധിപ്പിക്കേണ്ടി വരും. (റോമര്‍ 14:13).

യഹോവാസാക്ഷികള്‍ നിത്യനരകത്തില്‍ വിശ്വസിക്കുന്നില്ല. അതിന്‍റെ സ്ഥാപകനായ റസല്‍ ചെറുപ്പത്തില്‍ നരകത്തെ വളരെ പേടിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. തന്‍റെ നിത്യത നരകത്തിലായിരിക്കുമോ എന്നാ ഭീതി കാലം ചെന്നിട്ടും വിടാതെ അയാളെ പിന്തുടര്‍ന്നു. പുതിയ മതം ഉണ്ടാക്കിയപ്പോള്‍ അയാള്‍ പറഞ്ഞു, നരകം ഒരു യാഥാര്‍ത്യ മല്ല. ദൈവം ഒരാളെയും നിത്യകാലം നരകത്തില്‍ ഇടാന്‍ പോകുന്നില്ല. നരകമില്ലെങ്കില്‍ തനിക്കു നരകത്തില്‍ പോകേണ്ടി വരില്ലല്ലോ. തന്റെ അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന ചിന്ത ഏതു വഷളനും ഉണ്ട്. ദൈവം ഉള്ളതുകൊണ്ടല്ലേ കണക്കു ബോധിപ്പിക്കേണ്ടി വരുന്നത്. എന്നാല്‍ പിന്നെ ദൈവം ഇല്ലെന്നു തന്നെ ആയിക്കോട്ടെ. അവന്‍ തന്നോട് തന്നെ (ഹൃദയത്തില്‍) പറയുന്നു, പേടിക്കേണ്ട, കണക്കു ചോദിക്കുവാന്‍ ഒരു ദൈവവുമില്ല. വഷള ത്വം തുടര്‍ന്നോളൂ.

എന്നാല്‍ ഈ സമാശ്വാസം കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയേയുള്ളൂ എന്നവര്‍ മനസ്സിലാക്കുന്നില്ല. അവന്‍ കണ്ണടച്ചിരിക്കുമ്പോഴും സൂര്യന്‍ തലയ്ക്ക് മുകളില്‍ കത്തി നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ നാബാല്‍ ധാര്‍മ്മികമായി തല തിരിഞ്ഞവന്‍ മാത്രമല്ല മൂഢനും കൂടിയാണ്. കാരണം അവന്‍ നേരിടാന്‍ പോകുന്ന അപകടത്തെ (ന്യായവിധിയെ) അവന്‍ മുന്‍ കൂട്ടി കാണുന്നില്ല.

വരും വരാഴികകളെകുറിച്ചു ചിന്തിക്കാത്തവനെയും നാം വിഡ്ഢി എന്ന് വിളിക്കാറുണ്ട്. വേദപുസ്തകത്തില്‍ നാബാല്‍ എന്ന് പേരുള്ള ഒരു വ്യക്തിയെക്കുറിച്ച് 1 ശമുവേല്‍ 25ാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശൌല്‍ രാജാവിനെ പേടിച്ചു ദാവീദ് പാരാന്‍ മരുഭൂമിയില്‍ പാര്‍ക്കുന്ന കാലം. കര്‍മ്മേലിലെ വ്യാപാരിയായ നാബാലിനോട് ദാവീദ് തന്‍റെ ദാസന്മാര്‍ക്കാവശ്യമായ ഭക്ഷണം നല്‍കണമെന്ന് അപേക്ഷിച്ചു. കാട്ടില്‍ ഒളിച്ചു പാര്‍ക്കുന്ന ദാവീദിനെ ചെറുതായി കണ്ട നാബാല്‍ സഹായം നല്‍കുവാന്‍ കൂട്ടാക്കിയില്ല. പോരാളിയായ ദാവീദ് നാബാലിനെ കൊല്ലുവാന്‍ പടയൊരുക്കി. നാബാലിന്റെ ഭാര്യയായ അബീഗയില്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചതിനാലാണ് നാബാല്‍ അന്ന് രക്ഷപെട്ടത്.

ദാവീദിനെപ്പോലെ ശക്തനും പടയാളികളുടെ നായകനുമായ ഒരു പോരാളിയോട് നിഷേധം കാട്ടുന്നതിലെ വിവേക ശൂന്യത വിഡ്ഢിയായ നാബാലിന് ഗ്രഹിക്കുവനാകുമായിരുന്നില്ല. വരുംവരാഴികകളെകുറിച്ചു ബോധമില്ലാത്തവനായിരുന്നു അവന്‍. അവന്റെ ഭാര്യ അബീഗയില്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ദുസ്വഭാവിയായ ഈ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ. അവന്‍ തന്‍റെ പേര്‍ പോലെ തന്നെ ആകുന്നു. നാബാല്‍ എന്നല്ലോ അവന്‍റെ പേര്‍. ഭോഷത്വം അത്രേ അവന്‍റെ പക്കല്‍ ഉള്ളത്.(1 ശമുവേല്‍ 25:25) സങ്കീര്‍ത്തനത്തിലെ നാബാലും വരുംവരാഴികകളെകുറിച്ചു ബോധമില്ലാത്തവനാണ്. ദൈവം ഇല്ല എന്ന് ഹൃദയത്തില്‍ വിശ്വസിച്ചാല്‍ വഷളത്വം പ്രവര്‍ത്തിക്കാം എന്നാണവന്റെ ചിന്ത. എന്നാല്‍ എല്ലാം അനുവദനീയം അല്ല.ദൈവം ന്യായം വിധിക്കുന്നവനാണ്.

ദൈവത്തെ നിഷേധിക്കുന്ന മൂഢന്‍റെ എതിര്‍ ദിശയില്‍ നില്‍ക്കുന്നവന്‍ ആരാണ്? അടുത്ത വാക്യത്തില്‍ കാണുന്നുണ്ട്.((സങ്കീര്‍ത്തനം 53: 2) “ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് കാണ്മാന്‍ യഹോവ സ്വര്‍ഗത്തില്‍ നിന്ന് മനുഷ്യ പുത്രന്മാരെ നോക്കുന്നു.” നാബാലിന്റെ വിഡ്ഢിത്തം തലയിലല്ല, ഹൃദയത്തിലാണ് എന്നതുപോലെ ഇവിടെ ദൈവത്തെ അന്വേഷിക്കുന്നവന്റെ ബുദ്ധിയും തലയിലല്ല ഹൃദയത്തിലാണ്. ദൈവം ഉണ്ടെന്നതിന്റെ തെളിവ് സമ്പാദിക്കാന്‍ നടക്കുന്ന ആസ്തികവാ ദിയല്ല പ്രത്യുത, ദൈവത്തിന്‍റെ ഹൃദയമ റിയുവാന്‍ നടക്കുന്ന നീതിമാനാണ് ഇവിടെ ബുദ്ധിമാന്‍.അവന്‍ ദൈവത്തിന്‍റെ തിരിച്ചറിവി നുവേണ്ടി ദൈവത്തിന്‍റെ പുറകെ നടക്കുന്നവനാണ്. ദൈവത്തോട് ഒരു മനുഷ്യന്‍ പ്രതികരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അവന്റെ ബുദ്ധിയും മൂഢതയും അളക്കേണ്ടത്‌. തങ്ങളുടെ വഷളത്വത്തില്‍ തുടരേണ്ട തിന് ദൈവത്തിന്‍റെ അസ്തിത്വത്തെ ഹൃദയത്തില്‍ നിഷേധിക്കുന്നവന്‍ മൂഢന്‍. ദൈവഹിതം അറിഞ്ഞു ചെയ്യേണ്ടതിനു ദൈവത്തിന്‍റെ പുറകെ നടക്കുന്നവന്‍ ബുദ്ധിമാന്‍.

എന്നാല്‍ ഈ രണ്ടു ജനുസ്സുകളിലും പെടാത്ത മറ്റൊരു കൂട്ടരെപ്പറ്റി വേദപുസ്തകം പറയുന്നുണ്ട്. ഇക്കൂട്ടര്‍ കാഴ്ച്ചയില്‍ വളരെ ഭക്തരാണ്, സാക്ഷി പറയുന്നവരാണ്, പ്രാര്തിക്കുന്നവരാണ്. ദൈവത്തിന്‍റെ വളരെ അടുത്ത ആളുകള്‍ എന്ന് പറഞ്ഞാണ് അവര്‍ തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ 14ാം സങ്കീര്തനത്തിലെ മൂഢന്‍റെ പ്രവര്‍ത്തികള്‍ പോലെ തന്നെ വഷളത്വം നിറഞ്ഞതാണ്‌. അവരെക്കുറിച്ച് പൗലോസ്‌ പറയുന്നത് “അവര്‍ ദൈവത്തെ അറിയുന്നുവെന്നു പറയുന്നുവെങ്കിലും പ്രവര്‍ത്തികളാല്‍ അവനെ നിഷേധിക്കുന്നു” എന്നാണ്.(തീത്തോസ് 1:16) വാക്കുകളാല്‍ ദൈവത്തിന്‍റെ പ്രവാചകര്‍ എങ്കിലും പ്രവര്‍ത്തികളാല്‍ ദൈവത്തെ നിഷേധിക്കുന്ന നിരീശ്വര്‍ തന്നെയാനവര്‍.വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍ തന്നെയും (നമ്മളൊക്കെ തന്നെ) ദൈവത്തിന്‍റെ അപദാനങ്ങള്‍ പാടി പുകഴ്ത്തുമ്പോഴും ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തികളും ചെയ്യുന്നവരല്ലേ? അധരം കൊണ്ട് ദൈവസ്തുതിയും പ്രവര്‍ത്തികള്‍ കൊണ്ട് ദൈവനിഷേധവുമല്ലേ നാം നടത്തുന്നത്.

നമ്മുടെ വിശ്വാസ പ്രഖ്യാപനത്തിന്‍റെ പേരിലല്ല, ഓരോരുത്തന്‍ ചെയ്തത് എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം പ്രാപിക്കുന്നത് (2 കോരി. 5:10) എന്നോര്‍ത്തു കൊള്ളുക.