പേരും പടവും ഇല്ലാത്ത നാലു ഭാരവാഹികള്‍ !!
പേരും പടവും ഇല്ലാത്ത നാലു ഭാരവാഹികള്‍ !!
Shyju Daniel Adoor
സാധാരണയായി ഭാരവാഹികളുടെ പേരുവച്ചാണ് പലതും പ്രസിദ്ധപ്പെടുത്താറുള്ളത്!!
പക്ഷേ സുവിശേഷകനായ മര്‍ക്കോസ് നസ്സറായന്റെ പ്രേക്ഷിത പ്രവര്‍ത്തികളില്‍ പ്രസിദ്ധമായ ഒരു സംഭവം പ്രസിദ്ധപ്പെടുത്തുമ്പോള്‍ നാലു ഭാരവാഹികളുടെ പേര് വിട്ടുകളഞ്ഞു!!
പേരറിയാത്ത പക്ഷവാതക്കാരനായ ഒരുവന്റെ ഭാരം തുല്യമായി വീതിച്ചെടുത്ത് അവനെ ചുമന്നുകൊണ്ടു യേശുവിന്റെ അടുക്കല്‍ എത്തിക്കുന്ന നാലാളുകള്‍!!(മാർക്കോസ് 2:3)
ഭാരവാഹികളുടെയും പേരില്ല….ചുമക്കപ്പെടേണ്ടി വന്ന നിസ്സഹായന്റെയും പേരില്ല!!
അതിതീവ്രമായ ആത്മഭാരം തലക്ക് പിടിച്ച നാലാളുകള്‍!!..സൌഖ്യമാക്കുവാന്‍ കഴിവുള്ള കര്‍ത്താവിന്റെ അടുക്കല്‍ നടന്നെത്താന്‍ ആവാതില്ലാത്ത നിസ്സഹായരെ യേശുവിന്റെ അടുക്കലേക്ക് ചുമക്കുന്ന ദൈവരാജ്യത്തിലെ ഭാരവാഹകര്‍!!
നാം രുചിച്ചറിഞ്ഞ യേശുവിനെ ഇതുവരെയും അറിയുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത , ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിശ്ചലരായിപ്പോയ ചിലരെ യേശുവിന്റെ അടുക്കലോളം ചുമന്നെത്തിക്കുന്ന ചുമട്ടുകാരന്റെ വേലയാണ് സുവിശേഷവേല!!
യേശുവിന്റെ അടുക്കല്‍ എത്തുന്നതുവരെ ഈ ഭാരവാഹികളുടെ കയ്യില്‍ പക്ഷവാതക്കാരന്‍ സുരക്ഷിതനാണ്…!!
“നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു…കിടക്ക എടുത്തു നടക്ക” എന്നു പക്ഷവാതക്കാരന്‍ യേശുവില്‍ നിന്നും നേരിട്ടു കേള്‍ക്കുന്ന അകലത്തില്‍ ചലനമറ്റവനെ എത്തിക്കുന്നതുവരെ അവന്റെ വിടുതല്‍ ഈ ചുമട്ടുകാരുടെ കൈകളിലാണ്!!
ദൈവരാജ്യത്തിലെ ചുമട്ടുകാര്‍ക്ക് ഒരു വശത്തേക്ക് മാത്രമേ ചുമക്കേണ്ടതുള്ളൂ…തിരികെ വരുമ്പോള്‍ ചലനമറ്റവന്റെ കാലുകള്‍ ചലനാത്മകമായിരിക്കും…കാരണം അവന്‍ കണ്ടു മടങ്ങുന്നത്, ഇല്ലാത്തതിനെ ഉള്ളതുപോലെ വിളിച്ചുവരുത്താന്‍ കഴിവുള്ളവനും മരിച്ചതിനെ ജീവിപ്പിക്കാന്‍ കരുത്തുള്ളവനുമായ യേശുവിനെ ആണ് …..!!
മടക്ക യാത്രയില്‍ അവന്റെ പേര്‍ പക്ഷവാതക്കാരന്‍ എന്നായിരിക്കില്ല, പകരം സ്വയം സഞ്ചരിക്കുന്നവന്‍ എന്നായിരിക്കും!!
പാപം മോചിക്കപ്പെട്ട പേരറിയാത്ത ആ പക്ഷവാതക്കാരന്റെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതി ചേര്‍ക്കുന്ന വേളയില്‍, ഇവനെ ചുമന്നെത്തിച്ച, പേരും പടവും ഇല്ലാത്ത നാലു ഭാരവാഹികള്‍ക്കും അവിടുന്നു ഒരവകാശം മാറ്റിവച്ചിട്ടുണ്ടാകും!!
ചലനമറ്റവന്റെയും നിസ്സഹായന്റെയും കിടക്കയുടെ കാലുകളില്‍ ഒന്നില്‍ നിന്റെ കൈ പിടിക്കുമ്പോള്‍ മരണം കാത്തുകിടക്കുന്നവന് മുന്നില്‍ തുറക്കപ്പെടുന്നത് ശുഭപ്രതീക്ഷയുടെ വാതായനങ്ങള്‍ ആയിരിക്കും!!
✍️ Shyju Daniel Adoor