ഈസ്റ്റർ

Public

ഈസ്റ്റർ

റവ. ജോർജ് മാത്യു, പുതുപ്പള്ളി

ക്രൂശാരോഹണവും പുനരുത്ഥാനവും വഴി യേശുക്രിസ്തു നാശത്തിന്റെ വക്കി ലെത്തിയിരുന്ന മനുഷ്യർക്ക് പുതിയൊരു ജീവൻ പ്രദാനം ചെയ്തു. മനുഷ്യജാതിയുടെ മോചനത്തിനായി സ്വയം പീഢനങ്ങൾ ഏറ്റു വാങ്ങി. രണ്ടു കള്ളന്മാരുടെ നടുവിൽ ക്രൂശിതനായ ക്രിസ്തു ഒരു സാധാരണ മനുഷ്യൻ അല്ല എന്ന് ക്രൂശിക്കുവാൻ ആക്രോ ശിച്ചവർ പോലും മനസ്സിലാക്കി. ആ സമയത്തു പ്രകൃതി ക്ഷോഭങ്ങൾ കണ്ട്‌ മാലോകർ നടുങ്ങി. ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്, ഈ മനുഷ്യൻ വാസ്തവത്തിൽ നീതിമാനായിരുന്നു എന്ന് പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. അവിടെ കൂടിയ പുരുഷാരം ഒക്കെയും മാറത്തടിച്ചു കൊണ്ട് മടങ്ങിപ്പോയി (ലൂക്കോസ് 23:47,48). അതുവരെ ക്രിസ്തുവിന്റെ ശത്രുക്കളായിരുന്നവർ അനേകർ അവനിൽ വിശ്വസിക്കുവാനും പീഢകൾ ഏൽക്കുവാനും രക്തസാക്ഷികളാകുവാനും തയ്യാറായി.

 യേശുക്രിസ്തു പിറന്നത് മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. “ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി ആകയാൽ അതിൽ ഉറച്ചു നില്പിൻ, വീണ്ടും അടിമ നുകത്തിൽ കുടുങ്ങരുത്” എന്നത്രെ സെന്റ് പോൾ പ്രബോധിപ്പിക്കുന്നത് (ഗലാത്യർ 5:1). ക്രിസ്തുവിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല എന്നായിരുന്നു റോമൻ ഗവർണറായിരുന്ന പീലാത്തോസ് വിധിന്യായമെഴുതിയത്. ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു  അദ്ദേഹം സ്വയം കൈ കഴുകുകയായിന്നു.

ക്രിസ്തുവിന്റെ തിരുപ്പിറവിക്ക്‌ 700 വര്ഷം മുമ്പ് ജീവിച്ചിരുന്ന യെശയ്യാവ്‌ പ്രവചിച്ചു, “സാക്ഷാൽ നമ്മുടെ രോഗങ്ങളെ ക്രിസ്തു വഹിച്ചു, നമ്മുടെ വേദനകളെ അവിടുന്ന് ചുമന്നു, നാമോ ദൈവം അവനെ ശിക്ഷിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്ന് വിചാരിച്ചു (യെശയ്യാവ്‌ 53:4). പാപികൾക്ക് വേണ്ടി മരിക്കുവാനായിട്ടാണ് ലോകരക്ഷകനായ ക്രിസ്തു ജഢശരീരം ധരിച്ചത് തന്നെ. തന്റെ പിറവിയുടെ ഉദ്ദേശം മരണത്തിന്റെ അതുല്യത വെളിപ്പെടുത്തുക എന്നതായിരുന്നു.

ക്രിസ്തുവിന്റെ ക്രൂശാരോഹണത്തിനും ഉയർത്തെഴുന്നേല്പ്പിനും പിറകിൽ വ്യക്തമായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. മനുഷ്യരുടെ മരണം ബന്ധുമിത്രാദികൾക്കു ദുഖവും നഷ്ടവുമാണെങ്കിൽ ക്രിസ്തുവിന്റെ അന്ത്യവും ഉയർപ്പും മനുഷ്യസമൂഹത്തിന് ലാഭവും ശക്തിയും ജീവനും പ്രദാനം ചെയ്യുന്നു.കൊടും പാപികൾക്ക് ദൈവസന്നിധിയിൽ സ്വാതന്ത്ര്യത്തോടെ പ്രവേശിക്കുവാനും ജീവിക്കുവാനും പാപക്ഷമയും ശുദ്ധീകരണവും നീതീകരണവും ലഭ്യമാകുവാനും അത് കാരണമായി. ആരുടെ വിശുദ്ധിക്കും ജീവിതത്തിനും മുമ്പാകെ ലോകം അടിയറവു പറഞ്ഞിട്ടുണ്ടോ ആ വ്യക്തി, ജീവിതത്തിലും വിയോഗത്തിലും ഉയിർപ്പിലും സ്വർഗ്ഗാരോഹണത്തിലും ഇനി സംഭവിക്കുവാൻ പോകുന്ന വീണ്ടും വരവിലും അതുല്യത നിൽ നിർത്തിയ മഹാദൈവമായ യേശുക്രിസ്തു മാത്രമാണ്.